കൊച്ചി: ഇ. ശ്രീധരൻ മുന്നോട്ടുവയ്ക്കുന്ന അതിവേഗ റെയിൽ കേരളത്തിലെ യാത്രാ പ്രശ്നങ്ങൾക്കു പരിഹാരമല്ലെന്ന് കെ റെയിൽ സിൽവർലൈൻ വിരുദ്ധ ജനകീയ സമിതി. കെ റെയിൽ പദ്ധതിക്കു സമാനമായ ഗേജും വേഗതയുമാണ് ശ്രീധരൻ മുന്നോട്ടുവച്ചിരിക്കുന്നതെന്നും സമിതി ആരോപിച്ചു.
കേരളത്തിലെ ജനങ്ങളുടെ പ്രധാന യാത്രാ ആവശ്യം മറ്റു സംസ്ഥാനങ്ങളിലേക്കും അടുത്തടുത്ത ടൗണുകളിലേക്കുമുള്ള സഞ്ചാരമാണ്. വിഴിഞ്ഞം തുറമുഖം വന്നതോടെ ചരക്കുനീക്കവും പ്രധാനമാണ്. ഈ ആവശ്യകതകൾക്കൊന്നും നിരക്കുന്നതല്ല പുതിയ പദ്ധതിനിർദേശം.
സാധാരണ ജനങ്ങൾക്കു താങ്ങാൻ കഴിയാത്ത ടിക്കറ്റ് നിരക്കുള്ളതു കേരളത്തിന്റെ പാരിസ്ഥിതിക അവസ്ഥയെ പ്രതികൂലമായി ബാധിക്കുന്നതുമാണ് നിർദിഷ്ട പദ്ധതി. ഇ. ശ്രീധരൻ മുന്നോട്ടുവച്ച 135 കിലോമീറ്റർ വേഗത്തേക്കാൾ കൂടിയ വേഗം ഇന്ത്യൻ റെയിൽവേ നിലവിൽ ആർജിച്ചുകഴിഞ്ഞു.
ഓട്ടോമാറ്റിക് സിഗ്നലിംഗ് സംവിധാനം ആവിഷ്കരിച്ചും റെയിൽവേയുടെ സ്ഥലത്തുതന്നെ പാതയിലെ വളവുകൾ നിവർത്തി മൂന്നും നാലും പാതകൾ അതിവേഗ പാതകളാക്കുകയുമാണ് കേരളത്തിന്റെ സാഹചര്യത്തിൽ ഏറ്റവും അനുയോജ്യം. ഈ ആവശ്യങ്ങൾ ഉന്നയിച്ച് സമരപരിപാടികൾ ആവിഷ്കരിക്കും.
ആലുവയിൽ നടന്ന സമിതി സംസ്ഥാന നേതൃയോഗം സംസ്ഥാന ജനകീയ പ്രതിരോധ സമിതി പ്രസിഡന്റ് എം.പി. മത്തായി ഉദ്ഘാടനം ചെയ്തു. സമരസമിതി സംസ്ഥാന ചെയർമാൻ എം.പി. ബാബുരാജ് അധ്യക്ഷത വഹിച്ചു.